രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയെന്ന പ്രചാരണം തള്ളി പോലീസ്: തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടന്നതായി കണ്ടെത്തൽ, ചുവന്ന പോളോ കാർ കേന്ദ്രീകരിച്ച് അന്വേഷണം | Rahul Mamkootathil

പോലീസിനെ കബളിപ്പിക്കാൻ 'അതിവിദഗ്ദ്ധ നീക്കം'
Police refutes rumours that Rahul Mamkootathil has arrived in Thiruvananthapuram
Updated on

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്ത് എത്തിയെന്ന വിവരം പോലീസ് തള്ളി. രാഹുൽ ഒളിവിലല്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ ആസൂത്രിത നീക്കങ്ങൾ നടത്തിയെന്നാണ് പോലീസ് വിലയിരുത്തൽ. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.(Police refutes rumours that Rahul Mamkootathil has arrived in Thiruvananthapuram)

രാഹുലിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഇന്ന് തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ കൂടുതൽ പരിശോധന നടത്തും. രാഹുൽ കൂടുതൽ ദൂരം യാത്ര ചെയ്യാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംസ്ഥാന വ്യാപകമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാഹുൽ പാലക്കാട് നിന്ന് കടന്നത് ചുവന്ന പോളോ കാറിലാണെന്നാണ് പോലീസിന് ലഭിച്ച സൂചന. പാലക്കാട് നിന്ന് മുങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് രാഹുലിന്റെ കൈവശം ഈ കാർ ഉണ്ടായിരുന്നു.

ഒളിവിൽ പോകുന്നതിന് മുമ്പ് തന്നെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി കണ്ടെത്തി. രാഹുൽ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്‌മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ നീക്കം ചെയ്തെന്നാണ് പോലീസിന്റെ സംശയം. കെയർ ടേക്കറെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യും.

ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയ ശേഷം രാഹുൽ നടത്തിയ നീക്കങ്ങൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയ ശേഷം, സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ് രാഹുൽ സഞ്ചരിച്ചത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി കാർ മാത്രം പല വഴികളിലൂടെ സഞ്ചരിച്ചു.

സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്റെ യാത്രാ റൂട്ട് അവ്യക്തമാണ്. ഇന്ന് വീണ്ടും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും, ഉച്ചയോടെ രാഹുൽ പോയ വഴി കണ്ടെത്താൻ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിനെ പിടികൂടാൻ ഓരോ ജില്ലകളിലും പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ബലാത്സംഗ കേസിൽ രാഹുൽ നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോൾ അറസ്റ്റിന് തടസ്സമില്ലെന്ന നിയമോപദേശം പോലീസിന് ലഭിച്ച സാഹചര്യത്തിലാണ് തിരച്ചിൽ ശക്തമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com