തൃശ്ശൂർ: ഗുരുവായൂരിൽ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ, പലിശ ഇടപാടുകാരുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസിന്റെ വീട്ടിൽ നിന്ന് മറ്റു വ്യക്തികളുടെ ആർസി ബുക്കുകളും (വാഹനം സംബന്ധിച്ച രേഖകൾ) മറ്റ് നിർണ്ണായക സാമ്പത്തിക രേഖകളും പോലീസ് പിടിച്ചെടുത്തു. വ്യാപാരിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പോലീസ് നടപടി.(Police performs Raid regarding Guruvayur trader's suicide)
പ്രതികൾ ഒളിവില്‍
കൊള്ളപ്പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് ഈ മാസം പത്തിനാണ് ഗുരുവായൂർ സ്വദേശി എം.എ. മുസ്തഫ ജീവനൊടുക്കിയത്. മുസ്തഫയുടെ മരണത്തിന് പിന്നാലെ അമിത പലിശ വാങ്ങിയ നെന്മിണി സ്വദേശി പ്രഹ്‌ളേഷും ദിവേക് ദാസും ഒളിവിലാണ്.
പ്രഹ്‌ളേഷിന്റെ വീട്ടിൽ പോലീസ് അന്വേഷണത്തിന് എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇരുവരെയും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി ഗുരുവായൂർ ടെംമ്പിൾ പോലീസ് അറിയിച്ചു.
പലിശ ഭീഷണി
ആറ് ലക്ഷം രൂപ കടമെടുത്ത മുസ്തഫ 40 ലക്ഷം രൂപ തിരിച്ചടച്ചിട്ടും പലിശ ഇടപാടുകാർ ഭീഷണി തുടരുകയായിരുന്നു. ഇതിനിടെ, മുസ്തഫയുടെ മരണത്തിന് ശേഷവും ഗുണ്ടാസംഘം മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പ്രഹ്‌ളേഷിന്റെ ഭീഷണി സന്ദേശത്തിലുള്ളത്.