പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ ടയറുകൾ കോൺക്രീറ്റ് പ്രതലത്തിൽ താഴ്ന്നുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കേരള പോലീസ്. രാഷ്ട്രപതിയുടെ ഓഫീസിൻ്റെ അനുമതിയോടെയാണ് താത്കാലിക ഹെലിപാഡ് സൗകര്യം ഒരുക്കിയതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.(Police on President's helicopter wheels hitting concrete)
ലാൻഡിംഗ് സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പൈലറ്റിനും കൈമാറിയിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥരും പൈലറ്റും മുൻകൂർ ക്രമീകരണങ്ങൾ എടുത്തിരുന്നുവെന്നും ഡിജിപി അറിയിച്ചു.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മഴ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ കാരണം അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപ് ഹെലികോപ്റ്റർ ഇറങ്ങിയതാണ് ടയറുകൾ താഴാൻ കാരണം.
രാവിലെ 9.20-നാണ് പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററിൽ രാഷ്ട്രപതി തിരുവനന്തപുരത്ത് നിന്ന് പ്രമാടം സ്റ്റേഡിയത്തിൽ എത്തിയത്. തുടർന്ന് റോഡ് മാർഗം പമ്പയിലെത്തി. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷമാണ് ദ്രൗപതി മുർമു പോലീസിൻ്റെ 'ഫോഴ്സ് ഗൂർഖാ' വാഹനത്തിൽ സന്നിധാനത്തേക്ക് എത്തിയത്. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കി.