കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പോലീസുകാർ വിശദീകരണം നൽകി. ബോധപൂർവ്വം ചെയ്തതല്ലെന്നും, പ്രതിയുടെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നുമാണ് ഇവരുടെ വിശദീകരണം.(Police on handcuffing N Vasu, accused in Sabarimala gold theft case)
തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ ഒരു എസ്.ഐയും നാല് പോലീസുകാരുമാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് വാസുവിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വെക്കണമെന്ന് ബി.എൻ.എസ്. നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിത്.
നടപടിയിൽ ഡി.ജി.പിക്ക് അതൃപ്തിയുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡി.ജി.പിക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വിവരമുണ്ട്. പ്രതിയുടെ പ്രായം, കുറ്റകൃത്യ സ്വഭാവം തുടങ്ങിയ നിയമപരമായ കാര്യങ്ങൾ പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എസ്.ഐ.ടി. ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ നടന്ന സംഭവത്തിൽ എ.ആർ. ക്യാമ്പിലെ പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ എ.ആർ. കമാൻഡൻ്റാണ് അന്വേഷണം നടത്തുന്നത്.
കേസിൽ മൂന്നാം പ്രതിയായ എൻ. വാസുവിൻ്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്നലെ 14 ദിവസം കൂടി നീട്ടിയിരുന്നു. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് അദ്ദേഹം കഴിയുന്നത്. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻ്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ.