പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ അടൂർ നെല്ലിമുകളിലുള്ള അദ്ദേഹത്തിന്റെ വീടിന് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. വീട്ടിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. വിവിധ യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെ രാത്രി മുതൽ പൊലീസ് കാവലേർപ്പെടുത്തി.(Police have increased security at Rahul Mamkootathil's residence)
നിലവിൽ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. രാഹുൽ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതോടെ രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. തിരുവനന്തപുരം സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് നീക്കം. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. നിർബന്ധിത ഭ്രൂണഹത്യയ്ക്ക് (ബി.എൻ.എസ്. 89 വകുപ്പ് പ്രകാരം) 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഒരു സുഹൃത്തും പ്രതിപ്പട്ടികയിലുണ്ട്.