തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നുള്ള മനോവിഷമമാണ് ആർഎസ്എസ് പ്രവർത്തകൻ ആനന്ദിൻ്റെ ആത്മഹത്യക്ക് കാരണമെന്ന് പോലീസ് എഫ്ഐആർ. സഹോദരീ ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൂജപ്പുര പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്.(Police FIR says RSS worker's suicide was due to 'mental distress' over being denied seat)
മരിച്ച ആനന്ദ് കെ. തമ്പിക്ക് കുടുംബപരമായോ വ്യക്തിപരമായോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് സഹോദരി ഭർത്താവ് മൊഴി നൽകി. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെത്തുടർന്ന് ആനന്ദ് വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് തൻ്റെ അറിവെന്നും മൊഴിയിൽ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തൃക്കണ്ണാപുരം വാർഡിൽ തനിക്ക് പകരം ബിജെപി-ആർഎസ്എസ് പ്രാദേശിക നേതൃത്വം മണ്ണ് മാഫിയക്കാരനെ സ്ഥാനാർത്ഥിയാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പിൽ അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ട് നാലേകാലോടെ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് തൃക്കണ്ണാപുരത്തെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ ആനന്ദിനെ കണ്ടെത്തിയത്. ജീവൻ രക്ഷിക്കാനായില്ല.
ആനന്ദ് സുഹൃത്തുക്കൾക്കയച്ച വാട്സ്ആപ്പ് കുറിപ്പിൻ്റെയും ശബ്ദസന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്യും. ആനന്ദിൻ്റെ ഫോണിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിൻ്റെ തീരുമാനം. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പറയുന്ന ബിജെപി, ആർഎസ്എസ്, ശിവസേന പ്രാദേശിക നേതാക്കളുടെ മൊഴികളും ഉടൻ രേഖപ്പെടുത്തും.
ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, സ്ഥാനാർത്ഥിയാക്കാനുള്ള പരിഗണനാ പട്ടികയിൽ ആനന്ദിൻ്റെ പേരുണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതാക്കൾ സംഭവത്തിൽ നൽകുന്ന വിശദീകരണം.