മലപ്പുറം: തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയെ പോലീസ് കണ്ടെത്തി. പാലക്കാട് കോതകുറിശ്ശിയിൽ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുഹമ്മദലിയെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ഇദ്ദേഹം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് വ്യവസായി പോലീസിന് മൊഴി നൽകി.(Police find businessman who was kidnapped at gunpoint)
ഇന്നലെ വൈകീട്ട് ആറരയോടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം നടന്നത്. കൂറ്റനാട് ഭാഗത്ത് നിന്ന് ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന്, തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം വ്യവസായിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴ് സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. തൃശൂർ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.