കൊച്ചി: ചെല്ലാനത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ റോഡിൽ വലിച്ചുതാഴെയിട്ടെന്ന പരാതിയിൽ പുതിയ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. യുവാക്കൾ പൊലീസുകാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും, പരിക്കേറ്റ യുവാക്കളോട് കൂടെ വരാൻ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചെന്നുമാണ് പൊലീസിന്റെ വാദം.(Police explanation in incident in Chellanam)
യുവാക്കൾ സഞ്ചരിച്ച ബൈക്ക് പൊലീസുകാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസുകാരന് പരിക്കേറ്റു. പരിക്കേറ്റ യുവാക്കളോട് ആശുപത്രിയിൽ വരാൻ എസ്ഐ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. അതിനാലാണ് പരിക്കേറ്റ പൊലീസുകാരനുമായി എസ്ഐ ആശുപത്രിയിലേക്ക് പോയത്.
പൊലീസുകാരനെ ഇടിച്ചിട്ട സംഭവത്തിൽ യുവാക്കൾക്കെതിരെ ഇന്നലെതന്നെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ പൊലീസിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയാണ് ബൈക്കിന് പിന്നിലിരുന്ന ആലപ്പുഴ സ്വദേശി രാഹുൽ സാബു.
പൊലീസുകാരൻ ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു വലിച്ചതിനെത്തുടർന്നാണ് തങ്ങൾ താഴെ വീണതും പരിക്കേറ്റതും. പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ജീപ്പിൽ കയറ്റാൻ താനും സഹായിച്ചു. എന്നാൽ കൂടെയുണ്ടായിരുന്ന എസ്ഐ തങ്ങളെ തിരിഞ്ഞുപോലും നോക്കാതെ വഴിയിൽ ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.