

കാസർഗോഡ് : മൊഗ്രാലിൽ നാട്ടുകാരെ പോലീസ് മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ 17 വയസ്സുകാരനെ കുമ്പള പോലീസ് ക്രൂരമായി മർദിച്ചതായി പരാതി. മർദനമേറ്റ കുട്ടിയെയും മാതാപിതാക്കളെയും പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ വ്യാജ കേസിൽ പ്രതി ചേർക്കാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു.(Police brutally beat up a 17-year-old for capturing locals being beaten up)
കലോത്സവത്തിനിടെയുണ്ടായ വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയും തർക്കം റോഡിലേക്ക് നീളുകയും ചെയ്തതോടെയാണ് കുമ്പള പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ, സംഭവവുമായി നേരിട്ട് ബന്ധമില്ലാത്ത നാട്ടുകാരെയും പോലീസ് മർദിച്ചുവെന്നാണ് ആരോപണം.
ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയും പോലീസ് തിരിഞ്ഞു. കുട്ടികൾ ദൃശ്യങ്ങൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇവരുടെ അടുത്തെത്തി ലാത്തി ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് മർദനമേറ്റ 17കാരൻ പറയുന്നു.
പരിക്കേറ്റ 17കാരനെ അടുത്ത ബന്ധുവെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ വിഷയം പോലീസിൽ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.
രണ്ടു ദിവസത്തിനുശേഷം മൊഴി രേഖപ്പെടുത്താനായി പോലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതിനെത്തുടർന്ന് കുട്ടിയും മാതാപിതാക്കളും സ്റ്റേഷനിലെത്തി. എന്നാൽ, പോലീസ് സ്റ്റേഷനിൽ ഇൻ്റിമേഷൻ എത്തിയ സമയം ഒപ്പിടാൻ എന്ന വ്യാജേന വിളിച്ചുവരുത്തി വ്യാജ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
പതിനേഴുകാരനെയും സുഹൃത്തുക്കളെയും കടയുടെ മുന്നിൽ നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.