തൃശ്ശൂര്‍ : കുന്നംകുളം പോലീസ് സ്റ്റേഷനിലെ മർദ്ദന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് സമാനമായി പീച്ചി പോലീസ് സ്റ്റേഷനിലും പോലീസ് അതിക്രമം. പീച്ചി പോലീസ് സ്റ്റേഷനിൽ 2023-ൽ നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങളാണ് പരാതിക്കാരൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും ഇയാൾ നിയമപോരാട്ടം നടത്തുന്നു.
2023 മേയ് 24-നാണ് കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്‌ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ ക്രൂരമായി മർദിച്ചത്.
മര്‍ദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ പോലീസ് നിരന്തരം തള്ളി. ഒടുവില്‍ മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായത്. പോലീസിനെതിരെ നടപടിയെടുക്കാന്‍ ഈ നിമിഷം വരെ അധികാരികൾ തയ്യാറായിട്ടില്ല. മര്‍ദിച്ച എസ്ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.