തിരുവനന്തപുരം: ഡൽഹിയിൽ മലയാളി വിദ്യാർത്ഥികളെ പൊലീസ് അകാരണമായി മർദിച്ചതിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.ഈ വിഷയം ഗൗരവമായി പരിശോധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.ഫേസ്ബുക്കിലൂടെയാണ് കത്ത് അയച്ച വിവരം മുഖ്യമന്ത്രി പങ്കുവെച്ചത്.
കത്തിന്റെ ഉള്ളടക്കം......
ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. 2025 സെപ്തംബർ 24 നു നടന്ന സംഭവത്തിനിടെ ഹിന്ദിയിൽ സംസാരിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.
സാമൂഹിക വിരുദ്ധരിൽ നിന്നും സംരക്ഷണമൊരുക്കേണ്ട പൊലീസ് തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പഠനത്തിനും ഉപജീവനത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവരെ ഉപദ്രവിക്കാൻ മറ്റു കുറ്റവാളികൾക്കിത് പ്രോത്സാഹനമാകും. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.' എന്നാണ് ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കോഴിക്കോട് സ്വദേശി അശ്വന്ത്, കാസർകോട് സ്വദേശി സുധിന്‍ എന്നിവർക്കാണ് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുവെച്ച് മർദനമേറ്റിരുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. ഹിന്ദി സംസാരിക്കുന്നില്ല എന്ന പേരിലും മര്‍ദനം നേരിടേണ്ടിവന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
അക്രമികളിൽനിന്നും രക്ഷനേടാൻ സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോള്‍ പൊലീസും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. റെഡ്‌ഫോര്‍ട്ടില്‍ നടക്കാനിറങ്ങിയപ്പോൾ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച്, ഐഫോൺ എന്നിവ വേണോ എന്ന് ചോദിച്ച് ഒരാള്‍ സമീപിച്ചു. വേണ്ടെന്ന് പറഞ്ഞതോടെ കച്ചവടക്കാരന്‍ മറ്റ് ആളുകളേയും കൂട്ടി വന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നത്.