തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ചുള്ള പരാതിയാണ് ഇപ്പോള്‍ ഉയർന്നുവരുന്നത്. ഉടനടി തന്നെ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തു.
സംസ്ഥാനത്ത് ഉടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്ന് പറയുന്നത് അവാസ്തവമാണ്. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.