കണ്ണൂര്‍ : കൂത്തുപറമ്പില്‍ വീട്ടിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ സിപിഎം കൗണ്‍സിലര്‍ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭയിലെ നാലാംവാര്‍ഡ് കൗണ്‍സിലറും സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.പി. രാജേഷിനെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ ഒരുപവനിലധികം തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്ത് അജ്ഞാതന്‍ കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നഗരസഭ കൗണ്‍സിലറാണെന്ന് തിരിച്ചറിഞ്ഞത്. കൂത്തുപറമ്പ് നഗരസഭ നാലാം വാർഡ് കൗൺസിലറാണ് രാജേഷ്. മോഷണത്തിനു ശേഷവും ഇയാൾ നാട്ടിൽ പതിവുപോലെ പൊതു പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
മോഷണക്കേസ് പ്രതിയെ അന്വേഷിക്കാൻ ഇയാളുമുണ്ടായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും പരിശോധിച്ച് പൊലീസ് രാജേഷിലേക്ക് എത്തുകയായിരുന്നു. ഇയാൾ മുങ്ങുന്ന ഘട്ടമെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് മാല പൊലീസ് കണ്ടെടുത്തു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാജേഷ്. അറസ്റ്റിലായതിനു പിന്നാലെ രാജേഷിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ രാജേഷ് പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാൽ പാർട്ടിയിൽ നിന്നു പുറത്താക്കുന്നുവെന്ന് ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും അറിയിച്ചു.
കണിയാര്‍ക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി.ജാനകി(77)യുടെ മാലയാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു കടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം നടന്നത്. ജാനകി വീടിന്റെ പിന്‍വശത്ത് മീന്‍ മുറിക്കുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് വീടിനുള്ളില്‍ കയറി മുന്‍വശത്തുകൂടെ പുറത്തേക്ക് പോകുകയായിരുന്നു. കണ്ണിന് കാഴ്ചക്കുറവുള്ളതിനാല്‍ ആളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു ജാനകിയുടെ മൊഴി. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി കടന്നുകളയുകയായിരുന്നു.