കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചുവെന്ന പരാതിയിൽ തന്റെ ജാമ്യം റദ്ദാക്കാനുള്ള പോലീസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുൽ ഈശ്വർ. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ അനാവശ്യമായി ജയിലിലിടാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.(Police are giving frivolous reasons to cancel the bail, says Rahul Easwar)
തന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് നിസ്സാര കാരണങ്ങളാണ്. ജനുവരി 19-ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ടോ എന്ന് തനിക്ക് നിലവിൽ അറിയില്ല. തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ താൻ ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നിരന്തരം പരാതി നൽകി തന്റെ സ്വൈര്യജീവിതം തകർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന മൂന്നാം പീഡന പരാതിയിലും രാഹുൽ ഈശ്വർ സംശയം ഉന്നയിച്ചു. "മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ഒരാളെ ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോ? പീഡനം നടന്ന ശേഷം അയാളുമായി സംസാരിച്ച് രണ്ട് ബെഡ്‌റൂം ഫ്ലാറ്റ് വേണോ മൂന്ന് ബെഡ്‌റൂം വേണോ എന്ന് ചോദിക്കുമോ?" - അദ്ദേഹം ചോദിച്ചു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് എല്ലാ പരാതികളും മുഖ്യമന്ത്രിക്കു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല തന്ത്രിയുടെ അറസ്റ്റിനെതിരെയും രാഹുൽ ഈശ്വർ അന്വേഷണ സംഘത്തെ പരിഹസിച്ചു. തന്ത്രി ദൈവത്തിന്റെ അനുമതി വാങ്ങിയില്ലെന്ന് പറയുന്ന എസ്ഐടി അയ്യപ്പന്റെ മൊഴിയെടുത്താണോ ഇത് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികളോട് സ്നേഹം കാണിച്ച വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രൻ. യുവതി പ്രവേശന വിധി തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ വേദിയിൽ വിളിച്ചുപറഞ്ഞ ഏക നേതാവാണ് അദ്ദേഹം. ശബരിമലയിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്താൻ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി. പുരുഷ കമ്മീഷനെ പിന്തുണയ്ക്കാൻ രാഷ്ട്രീയ നേതാക്കൾ ഭയപ്പെടുന്നത് സ്ത്രീവിരുദ്ധർ എന്ന് വിളിക്കപ്പെടുമെന്ന പേടി മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.