
നടനും എംഎൽ എയുമായ എം മുകേഷ്, നടന്‍മാര്‍ ഉള്‍പ്പടെ 7 പേര്‍ക്കെതിരെ പീഡനപരാതി സമർപ്പിച്ച നടിയ്ക്കെതിരെ പോക്സോ കേസ്. മുവാറ്റുപുഴ പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്. നടിയുടെ ബന്ധു നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സ്വദേശിനിയാണ് നടിയ്ക്കെതിരെ പരാതി നല്‍കിയത്. 2014 ല്‍ തമിഴ് സിനിമാ ഓഡിഷനില്‍ പങ്കെടുപ്പിക്കാനെന്ന പേരില്‍ ബന്ധുവായ നടി തന്നെ ചെന്നൈയില്‍ എത്തിച്ചുവെന്നും അവിടെ വെച്ച് ഒരു സംഘമാളുകള്‍ക്ക് പീഡിപ്പിക്കാന്‍ വിട്ടു നല്‍കിയെന്നുമായിരുന്നു പരാതി. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് സംഭവം നടക്കുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് നടിയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. നടന്‍മാര്‍ ഉള്‍പ്പടെ 7 പേര്‍ക്കെതിരെ നടി പീഡനപരാതി നല്‍കുകയും കേസെടുക്കുകയും ഉണ്ടായി. എന്നാല്‍ പ്രതികളായ നടന്‍മാര്‍ക്ക് എറണാകുളം ജില്ലാ കോടതി മൂന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നടിയ്ക്കെതിരെ ഗുരുതര പരാതിയുമായി ബന്ധുവായ യുവതി രംഗത്തെത്തിയത്.