തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായി 25 വർഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ ഒടുവിൽ പോലീസ് പിടിയിലായി. നിറമൺകര സ്വദേശിയായ മുത്തു കുമാർ ആണ് മതം മാറി 'സാം' എന്ന പേരിൽ ചെന്നൈയിൽ പാസ്റ്ററായി ജോലി ചെയ്യുന്നതിനിടെ അറസ്റ്റിലായത്.(POCSO case accused arrested after 25 years, Converted to Christianity and went into hiding as a pastor in Chennai)
2001-ലാണ് കേസിനാസ്പദമായ സംഭവം, ട്യൂഷൻ മാസ്റ്ററായിരുന്ന മുത്തു കുമാർ സ്കൂൾ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കി വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
ഒളിവിലായിരുന്ന കാലത്ത് ഇയാൾ സ്വന്തമായി മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകൾ മാറി മാറി ഉപയോഗിച്ചാണ് ഇയാൾ ബന്ധങ്ങൾ നിലനിർത്തിയിരുന്നത്. ചെന്നൈയിൽ മതം മാറിയശേഷം പാസ്റ്ററായി ജോലി ചെയ്യുന്നതിനിടെ ഇയാൾ തമിഴ്‌നാട്ടിൽ രണ്ട് വിവാഹങ്ങൾ കഴിച്ചു.
വഞ്ചിയൂർ പോലീസാണ് മുത്തു കുമാറിനെ ചെന്നൈയിൽ നിന്ന് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തന്നെ പോലീസ് കോടതിയിൽ ഹാജരാക്കും.