

തൃശ്ശൂർ: പോക്സോ കേസിൽ ഒളിവിൽ പോയ കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗം അധ്യാപകൻ കലാമണ്ഡലം കനകകുമാറിനെ പോലീസ് ചെന്നൈയിൽ വെച്ച് പിടികൂടി. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് കേസെടുത്തതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.(POCSO case, Absconding Kalamandalam teacher arrested in Chennai)
കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ആദ്യം 2 വിദ്യാർത്ഥികളുടെ മൊഴിപ്രകാരവും പിന്നീട് 3 വിദ്യാർത്ഥികളുടെ മൊഴി പ്രകാരവും ഇയാൾക്കെതിരെ ആകെ 5 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ പത്താം തീയതി കലാമണ്ഡലം അധികൃതർ തന്നെയാണ് അധ്യാപകനെതിരെ ചെറുതുരുത്തി പോലീസിൽ പരാതി നൽകിയത്. ചെറുതുരുത്തി പോലീസ് കേസെടുത്തതിന് പിന്നാലെ കനകകുമാർ ഒളിവിൽ പോവുകയായിരുന്നു. പരാതി ഉയർന്ന സാഹചര്യത്തിൽ കലാമണ്ഡലം അധികൃതർ കനകകുമാറിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ചെന്നൈയിലെത്തി കനകകുമാറിനെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.