മലപ്പുറം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളുന്നുവെന്ന് മുസ്ലിം ലീഗ്. സമുദായ സംഘടനകളുടെ ഐക്യത്തിലോ പിളർപ്പിലോ ലീഗ് ഇടപെടാറില്ലെന്നും വെള്ളാപ്പള്ളിയുടേത് വെറും ജല്പനങ്ങൾ മാത്രമാണെന്നും പി.എം.എ. സലാം പറഞ്ഞു.(PMA Salam responds to the words of Vellapally Natesan)
വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് കാറിൽ കയറ്റി കൊണ്ടുവന്ന് സി.പി.എം പറയിപ്പിക്കുന്ന കാര്യങ്ങളാണിതെന്ന് ജനങ്ങൾക്കറിയാം. ഇത്തരം വർഗീയ പരാമർശങ്ങൾ സമൂഹത്തിന് ദോഷകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പയറ്റുന്ന അതേ തന്ത്രമാണ് വെള്ളാപ്പള്ളിയും ഇപ്പോൾ പയറ്റുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രകോപനപരമായ പ്രസ്താവനകളിലൂടെ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആ വലയിൽ മുസ്ലിം ലീഗ് വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രതിനിധിയുണ്ടാകുമെന്ന് പി.എം.എ. സലാം അറിയിച്ചു. യൂത്ത് ലീഗ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക.
പാർട്ടി ആവശ്യപ്പെട്ടാൽ താൻ നിയമസഭയിലേക്ക് മത്സരിക്കുമെന്നും മന്ത്രിസ്ഥാനം എന്നത് ഏതൊരു രാഷ്ട്രീയ പ്രവർത്തകനും ആഗ്രഹിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.