മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ ജനപ്രതിനിധികളുടെ പേര് പരാമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പി.എം.എ. സലാം. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ സി.പി.എമ്മിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(PMA Salam replies to Minister Saji Cherian on his controversial remark)
സ്ഥാനാർത്ഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കാനാണോ മന്ത്രി സജി ചെറിയാൻ പറയുന്നത്? ജനങ്ങൾ വോട്ട് ചെയ്യുന്നത് പേര് നോക്കിയാണോ എന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ മാർക്സിസം എന്തെന്നറിയാത്ത മുസ്‌ലിങ്ങളെ സ്ഥാനാർത്ഥികളാക്കി വോട്ട് പിടിക്കുന്നത് സി.പി.എമ്മാണ്. മലപ്പുറത്ത് എട്ട് സീറ്റുകളിൽ ഇത്തരത്തിലാണ് അവർ മത്സരിച്ചത്. ബിജെപി പോലും മുസ്‌ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് മന്ത്രിക്ക് അറിയില്ലേ എന്നും അദ്ദേഹം പരിഹസിച്ചു.
ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച സംഘടനകളെ കേരളത്തിൽ വളർത്തിയത് സി.പി.എമ്മാണ്. പി.ഡി.പി.യെയും എസ്.ഡി.പി.ഐ.യെയും രാഷ്ട്രീയ ലാഭത്തിനായി പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം, എന്നാൽ അതിന് ലീഗ് നിന്നുകൊടുക്കില്ല. കേരളത്തിൽ വർഗീയതയെ തടഞ്ഞുനിർത്തുന്ന കോട്ട മുസ്‌ലിം ലീഗാണെന്നും സലാം അവകാശപ്പെട്ടു.