തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ (PM SHRI) യെ ചൊല്ലിയുള്ള പ്രതിസന്ധി ഇടതുമുന്നണിയിൽ (എൽഡിഎഫ്) അയയുന്നില്ല. പദ്ധതിയിൽ നിന്ന് പിന്മാറണം എന്ന ആവശ്യത്തിൽ സിപിഐ (CPI) ഉറച്ചുനിൽക്കുന്നതിനിടെ, വിഷയത്തിൽ സിപിഎം (CPM) നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ലേഖനം പുറത്തുവന്നു.(PM SHRI scheme, V Sivankutty says it is an unnecessary controversy)
സിപിഎം മുഖപത്രമായ ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങളിൽ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ, നിലവിലെ പ്രശ്നങ്ങൾ അനാവശ്യമായ രാഷ്ട്രീയ വിവാദമാണ് എന്ന് മന്ത്രി വ്യക്തമാക്കുന്നു. എൽഡിഎഫ് ചർച്ചയിൽ സിപിഐ തള്ളിയ വാദങ്ങളാണ് ലേഖനത്തിലും അദ്ദേഹം ആവർത്തിക്കുന്നത്.
'കുട്ടികളുടെ പക്ഷത്ത്' എന്ന തലക്കെട്ടോടെയുള്ള ലേഖനത്തിൽ മന്ത്രി ശിവൻകുട്ടി മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദങ്ങൾ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാലും ദേശീയ വിദ്യാഭ്യാസ നയം (NEP) കേരളത്തിൽ നടപ്പാക്കില്ല, മതനിരപേക്ഷത ഉറപ്പിക്കും; മതനിരപേക്ഷതയിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല, കരിക്കുലത്തിൽ കേന്ദ്രം മാറ്റം വരുത്തും എന്ന പ്രചാരണം അവാസ്തവമാണ് തുടങ്ങിയവയാണ്.
വിഷയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് എന്നും, മറ്റു സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് കേരളം പദ്ധതിയിൽ ഒപ്പുവെച്ചത് എന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ വിഷയത്തിൽ കരാറിൽ നിന്ന് പിന്മാറാതെ തരമില്ല എന്ന കടുത്ത നിലപാടിലാണ് സിപിഐ മന്ത്രിമാർ. ഇതിനിടെ, ആദ്യ ഗഡു വാങ്ങിയ ശേഷം പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകാം എന്നൊരു പുതിയ സമവായ നിർദ്ദേശം ഉയർന്നെങ്കിലും, ഇത് കേന്ദ്രം അംഗീകരിക്കാൻ സാധ്യതയില്ല.
ഈ വിഷയത്തിലുള്ള പ്രതിഷേധസൂചകമായി നാളെ (ഒക്ടോബർ 29) നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നേക്കും. പദ്ധതി നടപ്പാക്കില്ലെന്ന് കാണിച്ച് കേന്ദ്രത്തിന് കേരളം കത്തയക്കണം എന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. തുടർനടപടികളിൽ മെല്ലെപ്പോക്ക്, വ്യവസ്ഥകൾ പഠിക്കാൻ ഉപസമിതി എന്നിവയടങ്ങുന്ന ഫോർമുലകൾ സിപിഐ അംഗീകരിച്ചിട്ടില്ല. ഈ മാസം നാലാം തീയതി ചേരുന്ന കൗൺസിൽ യോഗത്തിൽ തുടർനടപടികൾ തീരുമാനിക്കാനാണ് സിപിഐ നീക്കം.
മുഖ്യമന്ത്രി ഇടപെട്ടിട്ടും സിപിഐ വഴങ്ങാത്തതിൽ സിപിഎമ്മിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. അതേസമയം, സിപിഐയുടെ ഈ കടുത്ത നിലപാട് വർഗീയ ശക്തികൾക്കെതിരായ ദേശീയ മുദ്രാവാക്യത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും, പാർട്ടിക്ക് ജനങ്ങൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ സാധിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൽഡിഎഫ് യോഗത്തിന്റെ തീയതി ഉടൻ തീരുമാനിക്കാനാണ് സിപിഎം ശ്രമം.