തൃശ്ശൂർ: സംസ്ഥാനത്ത് വിവാദമായ പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പദ്ധതിയിൽ വൈകിയാണെങ്കിലും സംസ്ഥാന സർക്കാർ ചേർന്നതിൽ സന്തോഷമുണ്ടെന്നും, രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് കുട്ടികളുടെ ഭാവിക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'രാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത കുഞ്ഞുങ്ങൾ'
"ആരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നതാണ് നോക്കേണ്ടത്. രാഷ്ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത പാപം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. അവർക്ക് ഇതിലൂടെ ഗുണമുണ്ടാകും," സുരേഷ് ഗോപി പറഞ്ഞു.50 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സ്കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടതെന്ന് ആലോചിക്കണം.സി.പി.ഐ., സി.പി.എം., കോൺഗ്രസ്, ബി.ജെ.പി., കേന്ദ്രസർക്കാർ എന്നിവർക്ക് അവരുടേതായ അവകാശങ്ങളുണ്ട്. എന്നാൽ, ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വരുത്തരുത്.
എല്ലാം നന്നായി വരട്ടെയെന്നും അന്തരീക്ഷം നന്നാകട്ടെയെന്നും രാജ്യത്തിൻ്റെ വികസനത്തിന് പുതിയ ഒരു അധ്യായം തുറന്നുവരട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.