തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ധാരണാ പത്രത്തിൽ (MoU) ഒപ്പുവെച്ചതിന്റെ നിജസ്ഥിതി അറിയാൻ സിപിഐ നീക്കം തുടങ്ങി. സിപിഐ നിയമസഭാ കക്ഷി നേതാവും മന്ത്രിയുമായ കെ. രാജൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുമായി സംസാരിക്കും. ഒപ്പുവെച്ച വിവരം പാർട്ടി മന്ത്രിമാരെ ഔദ്യോഗികമായി അറിയിക്കാത്ത സാഹചര്യത്തിലാണ് സിപിഐ വിവരം തേടുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നോടിയായാണ് ഈ വിവരശേഖരണം.(PM SHRI scheme, CPI seeks confirmation on signing of MoU)
എൽഡിഎഫിലെ ഭിന്നത
സിപിഐയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള ധാരണാ പത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചത്. ഇതോടെ പിഎം ശ്രീ പദ്ധതിയെ ചൊല്ലി എൽഡിഎഫിൽ വലിയ തർക്കമാണ് ഉടലെടുത്തത്. വിരുദ്ധാഭിപ്രായവുമായി സിപിഐ, സിപിഎം നേതാക്കൾ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
പിഎം ശ്രീയിൽ ചേരാനുള്ള നീക്കം കേരളാ സർക്കാരും സിപിഐഎമ്മും നയപരമായ മാറ്റത്തിലേക്ക് നീങ്ങുന്നു എന്ന സൂചന നൽകുന്നതായിരുന്നു. എന്നാൽ സിപിഐ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.
കേന്ദ്രസർക്കാർ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും, കേന്ദ്രത്തിൽ നിന്ന് 1466 കോടി രൂപ ലഭിക്കാനുള്ള സാഹചര്യത്തിൽ ആ പണം എന്തിനാണ് കളയുന്നതെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം.
സിപിഐ കടുത്ത നടപടിയിലേക്ക്
പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ചതോടെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സിപിഐ തീരുമാനം.
വിയോജിപ്പ് സിപിഐ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇടതുനയത്തിൽ നിന്ന് സിപിഐഎം വ്യതിചലിച്ചെന്ന് സിപിഐ വ്യക്തമാക്കി. ഇടതുനയം ഉയർത്തിപ്പിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതാക്കൾ വിമർശനം ഉന്നയിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ന് സിപിഐ ദേശീയ-സംസ്ഥാന സെക്രട്ടേറിയറ്റുകളുടെ അടിയന്തര യോഗം ചേരും.