
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഭാഗമായുള്ള പി.എം.-ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി നിലനിൽക്കുന്ന ഭിന്നതകൾക്കിടെ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. മുഖപത്രം. സി.പി.ഐയുടെ മുഖപത്രമായ 'ജനയുഗ'ത്തിലെ ലേഖനത്തിലാണ് പി.എം.-ശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്തിരിക്കുന്നത്.(PM SHRI Sangh Parivar product, says CPI mouthpiece)
പ്രതിരോധം തീർക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാർ ബുദ്ധിയുടെ ഉത്പന്നമാണ് പി.എം.-ശ്രീ എന്ന് ലേഖനം ആരോപിക്കുന്നു. ആർ.എസ്.എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സർക്കാർ വഴങ്ങരുത്, രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയിൽ ഒപ്പുവെക്കരുത് എന്ന് ഇതിൽ പറയുന്നു.
പദ്ധതിയിൽ ഒപ്പുവെച്ചാൽ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ രണ്ട് തരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടുംമെന്നും, പി.എം.-ശ്രീ സ്കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന് നഷ്ടമാകുമെന്നും, ഈ നയവ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കുമെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
ഭരണഘടനാ മൂല്യങ്ങളെ മാനിക്കാത്തതും മതനിരപേക്ഷത നിരാകരിക്കുന്നതുമായ കേന്ദ്ര നയം വർഗീയ അജണ്ടകൾ കുട്ടികളിൽ കുത്തിവയ്ക്കുന്നതാണ് എന്നും, ഈ നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുമ്പ് ഇടതുമുന്നണി പ്രഖ്യാപിച്ചത് അഭിമാനകരമായിരുന്നുവെന്നും പറയുന്ന ലേഖനത്തിൽ, കേന്ദ്രഫണ്ട് ലഭിക്കാൻ പി.എം.-ശ്രീ നടപ്പാക്കുകയല്ല ചെയ്യേണ്ടത്, പകരം കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്ത് അത് നേടിയെടുക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെടുന്നു.
കേന്ദ്രഫണ്ട് ലഭിക്കാൻ പി.എം.-ശ്രീ നടപ്പാക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് പറഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതം വാങ്ങി പി.എം.-ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
പി.എം.-ശ്രീ നടപ്പാക്കാത്തതിനാൽ രണ്ട് വർഷമായി സമഗ്ര ശിക്ഷാ കേരളയ്ക്ക് (എസ്.എസ്.കെ.) കേന്ദ്രസർക്കാർ തടഞ്ഞുവെച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് ഈ നീക്കം എന്നാണ് സർക്കാർ വിശദീകരണം. മന്ത്രിയുടെ ഈ നിലപാടിനെതിരെ സി.പി.ഐയുടെ അധ്യാപക സംഘടനയായ എ.കെ.എ.സ്.ടി.യു. നേരത്തേ പ്രതിഷേധക്കത്തയക്കുകയും ചെയ്തിരുന്നു.