

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പി.എം. ശ്രീ പദ്ധതി കരാർ ഒപ്പുവെച്ച് ഏഴാം നാൾ സംസ്ഥാന സർക്കാർ നടപടി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. പദ്ധതി മരവിപ്പിക്കുമെന്നും വിഷയം പരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ. ഉയർത്തിയ ശക്തമായ പ്രതിഷേധമാണ് സർക്കാർ നിലപാട് മാറ്റാൻ കാരണമായത്.
സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ പദ്ധതി മരവിപ്പിക്കും. ഈ തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് സമിതിയുടെ അധ്യക്ഷൻ. സി.പി.ഐ.യിൽ നിന്നുള്ള രണ്ട് മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് സമിതിയിലുള്ളത്. കെ. രാജൻ, റോഷി അഗസ്റ്റിൻ, പി. രാജീവ്, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ.
പിണറായി വിജയൻ്റെ രണ്ടാം സർക്കാരിൻ്റെ കാലത്ത്, ഏകദേശം 9 വർഷത്തിനിടെ ആദ്യമായാണ് മുഖ്യമന്ത്രി സി.പി.ഐ.യുടെ കടുത്ത രാഷ്ട്രീയ നിലപാടിന് മുന്നിൽ വഴങ്ങുന്നത്. പി.എം. ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പുവെച്ച നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ. മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. ഈ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാനാണ് സർക്കാരിൻ്റെ പുതിയ നീക്കം.