തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയിൽ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറാകാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഐ നിലപാട് ചർച്ചയിലൂടെ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്ഐആർ നടപ്പാക്കുന്നതിനെ അതിശക്തമായി എതിർക്കുകയാണെന്നും ബിഹാറിൽ അർഹത ഉള്ളവരെ വോട്ടർ പട്ടികയിൽ നിന്നും വരെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു
തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി രാജ്യത്തെ ജനാധിപത്യ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള നീക്കമാണിത്. ഇതിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. ബിഹാര്‍ മോഡലിലുള്ള വോട്ടര്‍പട്ടികയുടെ തീവ്രപരിഷ്‌കരണം കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ആരംഭിച്ചിട്ടുള്ളത്.
ബിഹാറില്‍ 65 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ഇതില്‍ കൂടുതലും ന്യൂനപക്ഷവും ദളിത് – സ്‌ത്രീ വോട്ടര്‍മാരുമാണ്. മാത്രമല്ല, പ്രതിപക്ഷത്തിന് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ ചോര്‍ത്തുകയും ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാനായിരുന്നു അത്. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രഭരണം ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം ചൊല്‍പ്പടിയിലാക്കിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.