തിരുവനന്തപുരം : പിഎം ശ്രീ വിവാദത്തെ തുടർന്ന് ഉടലെടുത്ത മുന്നണിയിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പദ്ധതി വേണ്ടെന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ തീരുമാനം അന്തിമമാണ്. കേന്ദ്രസര്‍ക്കാര്‍ എസ്എസ്‌കെ ഫണ്ട് നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
പിഎം ശ്രീ എന്തായാലും ഇവിടെ നടപ്പിലാക്കാന്‍ പോകുന്നില്ല. സിപിഐയും സിപിഐഎമ്മും തമ്മില്‍ ആശയക്കുഴപ്പമൊന്നുമില്ല. ചില കമ്യൂണിക്കേഷന്‍ ഗ്യാപ്പ് തമ്മിൽ ഉണ്ടായിട്ടുണ്ട്. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഞങ്ങൾ തീരുമാനിച്ചു. അതിനു വേണ്ടിയുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്. താത്വികമായും ആശയപരമായും ഇടതുപക്ഷത്തിന്റെ പക്ഷത്ത് നിന്നുകൊണ്ട് എന്തുചെയ്യാന്‍ സാധിക്കുമെന്ന് സമിതി ആലോചിക്കും..
വിദ്യാഭ്യാസ രംഗത്ത് കൂടിയാണ് ബിജെപി – ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയം അവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. പദ്ധതിയിലൂടെ ചരിത്രം മാറ്റിയെഴുതുക എന്നതാണ് ബിജെപിയുടെ അജണ്ട. ചരിത്രത്തിലൂടെയാണല്ലോ നമ്മുടെ തലമുറ കാര്യങ്ങള്‍ മനസിലാക്കുന്നത്. അത് ശരിക്കും തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് ബിജെപി, ആര്‍എസ്എസ്. നിരവധി പാഠഭാഗങ്ങള്‍ അവര്‍ വെട്ടിമാറ്റി.
നമ്മുടെ കുട്ടികള്‍ക്ക് കിട്ടേണ്ട പണം നഷ്ടപ്പെട്ടാല്‍ അത് നേടിയെടുക്കാന്‍ കഴിയാത്ത കഴിവില്ലാത്തവന്‍ എന്ന് ചരിത്രം രേഖപ്പെടുത്തും. അത് പാടില്ല. 340.81 കോടി രൂപയാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കിട്ടാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ട്. സിപിഐഎമ്മിന്റെ സെക്രട്ടറിയേറ്റ് പിഎംശ്രീയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ എല്ലാം അറിഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഞങ്ങള്‍ അവസാനിപ്പിച്ചതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.