ഡൽഹി: പിഎം ശ്രീയില്‍ ഒപ്പിട്ടതിന് പിന്നാലെ സിപിഐ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നടത്തി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും.കൂടിക്കാഴ്ച്ചയില്‍ പിഎം ശ്രീയില്‍ ഒപ്പിട്ടതിലെ അതൃപ്തി ഡി രാജ അറിയിച്ചു. മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നും നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളത് ആർഎസ്എസ് അജണ്ടകളാണ്. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്നതാണിത്. എന്‍ഇപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ പോയി. അവര്‍ക്ക് തുക കോടതിയുടെ ഇടപെടലിലൂടെ ലഭിച്ചല്ലോ. കേരളത്തിനും കോടതിയെ സമീപിക്കാമായിരുന്നല്ലോ? എന്തുകൊണ്ട് കോടതിയില്‍ പോയില്ല.വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ശുഭ പ്രതീക്ഷയുണ്ടെന്നും ഡി രാജ വ്യക്തമാക്കി.
അതേ സമയം, പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെ തുടർന്നുള്ള വിവാദങ്ങൾ പരിഹരിക്കാൻ വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് എം.എ.ബേബി അറിയിച്ചു .ഇപ്പോഴത്തെ പ്രശ്നങ്ങളിൽ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന നേതൃത്വങ്ങൾ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. രമ്യമായ ഒരു പരിഹാരത്തിലെത്താൻ സംസ്ഥാന നേതൃത്വങ്ങളെ ഞങ്ങൾ സഹായിക്കും. പിഎം ശ്രീ പദ്ധതി അടുത്ത വർഷം തീരാൻ പോവുകയാണ്.
ഇതിൽ ഒപ്പിടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സമഗ്ര ശിക്ഷ ഉൾപ്പെടെയുള്ള മറ്റെല്ലാ പദ്ധതികൾക്കുമുള്ള സഹായം കേന്ദ്രം നിഷേധിക്കുകയാണ്.പിഎം ശ്രീ കേരളത്തിൽ എൽഡിഎഫ് സർക്കാറിന്റെ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് നടപ്പാക്കാമെന്നുള്ള കാര്യം സിപിഐയുമായും ഘടകക്ഷികളുമായും ആദ്യമായി ചർച്ചചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് എം.എ.ബേബി കൂട്ടിച്ചേർത്തു.