തിരുവനന്തപുരം: പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച ചെയ്യാതെയാണ് എൽ.ഡി.എഫ്. ഈ തീരുമാനം എടുത്തതെന്നും, ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫിന്റെ ശൈലി ഇതല്ലെന്നും, ജനാധിപത്യപരമായ രീതിയിൽ നിന്നുള്ള വ്യതിചലനം തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
മര്യാദയുടെ ലംഘനം: "ഇത് എൽ.ഡി.എഫിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്. സി.പി.ഐയെ ഇരുട്ടിൽ നിർത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിൻ്റെ വഴിയല്ല, തിരുത്തപ്പെടണം," അദ്ദേഹം ചൂണ്ടിക്കാട്ടി.ഗൗരവമായ വിഷയത്തിൽ ധാരണാപത്രം (എം.ഒ.യു.) ഒപ്പിടുമ്പോൾ ഘടക പാർട്ടികളെ അറിയിക്കാത്തതിലെ രാഷ്ട്രീയ യുക്തി മനസ്സിലാകുന്നില്ല. മന്ത്രിസഭയിലെ പല മന്ത്രിമാർക്കും ഇക്കാര്യത്തിൽ അറിവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ പദ്ധതി ആദ്യം മന്ത്രിസഭയിൽ വരികയും, നയപരമായ തീരുമാനത്തിനായി മാറ്റി വയ്ക്കുകയും ചെയ്ത വിഷയമാണ്. എന്നാൽ, പിന്നീട് ഒരിക്കലും ഇത് എൽ.ഡി.എഫിൽ ചർച്ചയ്ക്ക് വന്നില്ല.പിന്നീട് വാർത്ത കണ്ട് അന്വേഷിച്ചപ്പോഴാണ് കരാറിൽ ഒപ്പിട്ട കാര്യം മനസ്സിലായതെന്നും, ഇത് മുന്നണി മര്യാദയുടെ ലംഘനം തന്നെയെന്ന് ആവർത്തിച്ച് പറയുകയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.