PM ശ്രീ വിവാദം: കേരളത്തിൻ്റെ കത്ത് തയ്യാറായി, പദ്ധതി മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കും, വാക്‌പോര് ഒഴിവാക്കി CPI | PM SHRI

ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്ന് ഔദ്യോഗികമായി കേന്ദ്രത്തെ വിവരം അറിയിക്കും
 PM SHRI controversy, Kerala's letter is ready
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM-SHRI) പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് സംസ്ഥാന സർക്കാർ തയ്യാറാക്കി. മന്ത്രിസഭാ തീരുമാനം എന്ന നിലയിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്ന് ഔദ്യോഗികമായി കേന്ദ്രത്തെ വിവരം അറിയിക്കും.( PM SHRI controversy, Kerala's letter is ready)

ഇടതുമുന്നണിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് ധാരണാപത്രം മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

പി.എം. ശ്രീ വിഷയത്തിൽ ഇനി വാക്പോര് വേണ്ടെന്ന നിലപാടിലേക്ക് സി.പി.ഐ. നേതൃത്വം മാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, കണ്ണൂരിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച എ.ഐ.വൈ.എഫ്. (AIYF) പ്രവർത്തകർക്ക് സംസ്ഥാന നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മുന്നണിക്കുള്ളിലെ അഭിപ്രായഭിന്നതകൾ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് ഒഴിവാക്കാനാണ് സി.പി.ഐ.യുടെ ശ്രമം.

കേരളത്തിന്റെ കത്ത് കിട്ടിയ ശേഷം തുടർനടപടികൾ ആലോചിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ, പി.എം. ശ്രീ പദ്ധതിക്ക് കീഴിലെ ധാരണാപത്രം മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

പദ്ധതിക്ക് കീഴിൽ ധനസഹായം നൽകേണ്ട സ്കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. അതിനാൽ, പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് കേന്ദ്രം സൂചന നൽകുന്നു.

സംസ്ഥാനത്തിന്റെ കത്ത് പരിശോധിച്ച് ശേഷം, സർവ്വ ശിക്ഷാ അഭിയാൻ (SSA) അടക്കമുള്ള മറ്റ് കേന്ദ്ര ഫണ്ടുകൾ നൽകുന്ന കാര്യത്തിൽ തുടർനടപടി തീരുമാനിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ധാരണാപത്രം ഒപ്പിട്ട ശേഷം പഞ്ചാബ് സംസ്ഥാനം പിൻമാറാൻ ശ്രമിച്ചപ്പോൾ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. എന്നാൽ, പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവെച്ചതോടെ പഞ്ചാബ് സർക്കാർ നിലപാട് മാറ്റുകയായിരുന്നു. കേരളത്തിന്റെ പുതിയ തീരുമാനത്തിൽ കേന്ദ്രം സമാനമായ നിലപാട് സ്വീകരിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com