PM ശ്രീ വിവാദം : പിൻവാങ്ങലിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞതായി സൂചന | SSK fund
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് പിന്നാലെ, സമഗ്രശിക്ഷാ കേരളത്തിന് (SSK) ലഭിക്കേണ്ട കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചതായി സൂചന. എസ്.എസ്.കെ. ഫണ്ടിന്റെ ആദ്യ ഗഡുവായ 320 കോടി രൂപ ബുധനാഴ്ച (ഒക്ടോബർ 29) ലഭിക്കേണ്ടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.(PM SHRI controversy, Indications that the central government has blocked the SSK fund)
കേന്ദ്ര ഫണ്ട് ലഭിക്കാത്ത സാഹചര്യം സംസ്ഥാനത്തെ നിരവധി പ്രധാന വിദ്യാഭ്യാസ പദ്ധതികളെ പ്രതികൂലമായി ബാധിക്കും. ഈ ഫണ്ടിനെ ആശ്രയിച്ചിരിക്കുന്ന പ്രധാന വിഷയങ്ങൾ പാഠപുസ്തക പരിഷ്‌കരണം, വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണം, വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം എന്നിവയാണ്.
കഴിഞ്ഞ 2022, 2023, 2024 സാമ്പത്തിക വർഷങ്ങളിലെ ഫണ്ടുകൾ പലതും ഇനിയും ലഭിക്കാനുണ്ട്. ഫണ്ട് കിട്ടാതിരുന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ ഈ പദ്ധതികൾക്കൊന്നും മുടക്കം വരുത്താതെ മുന്നോട്ട് പോയിരുന്നു. എന്നാൽ, പ്രധാനപ്പെട്ട ഈ ഗഡു കൂടി അനുവദിക്കാത്ത സാഹചര്യത്തിൽ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നുള്ളത് തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന ആശങ്ക.
പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികരണമായാണ് ഈ ഫണ്ട് തടഞ്ഞുവെക്കലിനെ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ കാണുന്നത്.
