ആലപ്പുഴ: 'പി.എം. ശ്രീ' പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ, വിഷയത്തിൽ അന്തിമ നിലപാട് തീരുമാനിക്കാൻ സി.പി.ഐ.യുടെ നിർണായക സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ ചേരും. കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യം വിദ്യാഭ്യാസ വകുപ്പും സി.പി.എമ്മും അംഗീകരിക്കാത്ത സാഹചര്യത്തിൽ മന്ത്രിമാരെ രാജി വെയ്പ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് സി.പി.ഐ. നീങ്ങിയേക്കും.(PM SHRI controversy, Critical CPI state executive meeting today)
മന്ത്രിസഭയെ നോക്കുകുത്തിയാക്കി, മുന്നണി മര്യാദ ലംഘിച്ച് ചർച്ചകളില്ലാതെയാണ് കരാർ ഒപ്പിട്ടതെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തൽ. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാരെ കാബിനറ്റ് യോഗങ്ങളിൽ നിന്ന് പിൻവലിക്കണമെന്നും, ആവശ്യമെങ്കിൽ രാജിവെപ്പിക്കണമെന്നുമുള്ള കടുത്ത നിർദ്ദേശങ്ങൾ ഉയർന്നിരുന്നു. ഇവയിൽ അന്തിമ തീരുമാനമെടുക്കുക ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തിലായിരിക്കും. കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിന് കേന്ദ്ര നേതൃത്വത്തിൻ്റെ പിന്തുണയും പാർട്ടിക്കുണ്ടെങ്കിലും മുന്നണി വിടേണ്ടതില്ല എന്ന നിലപാടിലാണ് സി.പി.ഐ.
അതേസമയം, 'പി.എം. ശ്രീ' വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ സി.പി.ഐ. മുന്നോട്ട് പോകുമ്പോഴും സമവായ ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് സി.പി.എം. വിലയിരുത്തൽ. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ചേരും. സി.പി.ഐയെ അനുനയിപ്പിക്കാനുള്ള സമവായ ഫോർമുലകൾ യോഗത്തിൽ ചർച്ചയാകും.
വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രിയും സി.പി.എം. നേതാക്കളും ഇന്ന് ആലപ്പുഴയിലെത്തുന്നുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. സി.പി.ഐ.യുടെ കടുത്ത നിലപാട് ഒഴിവാക്കാൻ അവസാന നിമിഷം വരെ സി.പി.എം. സമവായ ശ്രമങ്ങൾ തുടരും.