

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ടതിനെത്തുടർന്ന് ഇടഞ്ഞുനിൽക്കുന്ന സി.പി.ഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി സി.പി.എം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.ഐ. ആസ്ഥാനത്തെത്തി ദേശീയ നേതാവ് ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച നിർണ്ണായകമാണ്.
സി.പി.ഐ. ആവശ്യം: ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തി എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു സി.പി.ഐയുടെ മുഖ്യ ആവശ്യം.എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സി.പി.എം. തീരുമാനിച്ചിരിക്കുന്നത്.മന്ത്രിമാരെ പിൻവലിക്കുന്നതടക്കമുള്ള കടുത്ത നിലപാട് വേണമെന്ന് സി.പി.ഐ. യോഗങ്ങളിൽ ചർച്ച ഉയർന്നത് സി.പി.എമ്മിന് ആശങ്കയുണ്ടാക്കി.സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് സി.പി.എമ്മിന് നന്ദിഗ്രാം ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
40 ദിവസം കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പും ആറ് മാസം കഴിഞ്ഞാൽ നിർണ്ണായക നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. മൂന്നാം പിണറായി സർക്കാരിനായി സി.പി.എം. സർവ്വശക്തിയിൽ പ്രചാരണം ആരംഭിച്ച ഈ ഘട്ടത്തിലാണ് മുന്നണിയിലെ ഈ അഭിപ്രായ ഭിന്നത. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് സി.പി.എം. അനുനയ നീക്കവുമായി രംഗത്തിറങ്ങിയതും മന്ത്രി വി. ശിവൻകുട്ടി ബിനോയ് വിശ്വത്തെ കണ്ടതും.