

പത്തനംതിട്ട: പി.എം. ശ്രീ പദ്ധതിയുടെ കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ നിലപാട് കടുപ്പിച്ച സി.പി.ഐ.യെ പരിഹസിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സി.പി.ഐ. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാൻ വേണ്ടിയാണ് എതിർക്കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിക്കുന്നതോടെ സി.പി.ഐ.യുടെ എതിർപ്പ് അവസാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സി.പി.ഐ.ക്കെതിരെ രൂക്ഷ വിമർശനം
"മുഖ്യമന്ത്രി പിണറായിയുടെ അടുത്ത് പത്തി താഴ്ത്തും. അല്ലാതെ എവിടെ പോകാനാണ്? സി.പി.ഐ. ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ?" വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. ആദർശം വേണ്ട, അവസരം മതി: "നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിൻ്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയരൂപീകരണം വേണം. കേരളത്തിന് അവകാശപ്പെട്ട പണമാണത്. ആദർശം പറഞ്ഞ് നശിപ്പിക്കാതെ കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്, അവസരത്തിനൊത്ത് ഉയരണം," അദ്ദേഹം പറഞ്ഞു. സി.പി.ഐ. നേതാക്കൾ സി.പി.എം.–ബി.ജെ.പി. അന്തർധാരയെന്ന് ആരോപിക്കുന്നതിനെക്കുറിച്ച്, "അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് പറയേണ്ടത്. ബിനോയ് വിശ്വം പറഞ്ഞതിൽ ഒരു കഥയുമില്ല," എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.