

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കേരളത്തിലെത്തും. തലസ്ഥാന നഗരിയിൽ വൻ റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. കോർപ്പറേഷൻ വിജയത്തിന് ശേഷം പ്രധാനമന്ത്രി നേരിട്ടെത്തുന്നത് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പരിപാടികൾ:
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി, കേരളത്തിന് അനുവദിച്ച പുതിയ നാല് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ട്രെയിൻ ഉദ്ഘാടനത്തിന് ശേഷം നഗരത്തിൽ വിപുലമായ റോഡ് ഷോ നടക്കും. തുടർന്ന് 11 മണിയോടെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിനായുള്ള പ്രത്യേക ബ്ലൂപ്രിന്റ് ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി പുതിയ മേയർക്ക് കൈമാറും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വികസന വാഗ്ദാനങ്ങൾ ബിജെപി പാലിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "വികസിത കേരളം സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം" എന്ന മുദ്രാവാക്യമാണ് ഈ സമ്മേളനത്തിലൂടെ പാർട്ടി മുന്നോട്ട് വയ്ക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണമാറ്റത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ഈ സന്ദർശനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ കരുത്തുറ്റ മുന്നൊരുക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.