

ന്യൂഡൽഹി: കേരളത്തിലെയും മഹാരാഷ്ട്രയിലെയും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചൊവ്വാഴ്ച ചുമതലയേറ്റ ശേഷം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം കോർപ്പറേഷനിൽ 45 വർഷത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തിയത് ജനങ്ങൾ പാർട്ടിയിൽ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ്. കേരളത്തിൽ ഏകദേശം 100 കൗൺസിലർമാരെ വിജയിപ്പിക്കാനായത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് അവസരം നൽകുമെന്നും സംസ്ഥാനത്ത് സദ്ഭരണത്തിന്റെ പുതിയ മാതൃക കൊണ്ടുവരാൻ പാർട്ടിക്ക് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുടുംബ രാഷ്ട്രീയ മാതൃകകളും അസ്ഥിരമായ ഭരണങ്ങളും രാജ്യം കണ്ടു കഴിഞ്ഞു. ഇപ്പോൾ ബിജെപിയുടെ സദ്ഭരണവും വികസന മാതൃകയുമാണ് രാജ്യം അംഗീകരിക്കുന്നത്. അധികാരം ജനസേവനത്തിനുള്ള മാർഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന കക്ഷികളെ തുറന്നുകാണിക്കണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
അതേസമയം , ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനായാണ് ബീഹാറിൽ നിന്നുള്ള 45-കാരനായ നിതിൻ നബീൻ ചുമതലയേറ്റത്. ജെ.പി. നദ്ദയുടെ പിൻഗാമിയായി എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി. നദ്ദ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.