

പാലക്കാട്: ഫുട്‌ബോൾ ഇതിഹാസം ലിയോണൽ മെസ്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മുടങ്ങിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. കൂടിക്കാഴ്ച മുടങ്ങിയതിൽ മോദിയോട് രാജ്യത്തെ ഫുട്‌ബോൾ ആരാധകർ പൊറുക്കില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.(PM Modi left the country after getting angry at Messi - Rahul Gandhi meeting, Sandeep Varier on the cancellation of Messi-Modi meeting)
"മെസ്സിയെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിന് പിണങ്ങി, നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസ്സിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നത്," സന്ദീപ് വാര്യർ ആരോപിച്ചു. മെസ്സിയുടെ മൂന്ന് ദിവസത്തെ 'ഗോട്ട് ടൂറി'ന്റെ അവസാന പാദമായിരുന്നു ഡൽഹിയിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ ദേശീയ തലസ്ഥാനത്തെ കനത്ത മൂടൽമഞ്ഞ് ഈ പരിപാടികൾക്ക് കനത്ത തിരിച്ചടിയായി.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞ് കാഴ്ചാ പരിധി കുറച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ താറുമാറായി. മുംബൈയിൽ നിന്നുള്ള മെസ്സിയുടെ വിമാനം ഒരു മണിക്കൂറിലധികം വൈകി. വിമാനത്താവള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 61 വിമാനങ്ങൾ റദ്ദാക്കുകയും അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മെസ്സിയെ കാണാനായി മണിക്കൂറുകൾക്ക് മുൻപ് തന്നെ ആരാധകരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി കാണികൾ സീറ്റുകളിൽ ഇരുന്നപ്പോൾ, സ്‌ക്രീനിൽ ഒരു സന്ദേശം തെളിഞ്ഞു: 'മോശം കാലാവസ്ഥ കാരണം മെസ്സിയുടെ വിമാനം വൈകി. പരിപാടി ഷെഡ്യൂൾ ചെയ്തതിലും 40 മിനിറ്റ് വൈകി ആരംഭിക്കും' എന്നായിരുന്നു അറിയിപ്പ്.
മെസ്സിയുടെ യാത്രാതടസ്സം മൂലം നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടക്കാതെ പോയി. പ്രധാനമന്ത്രി തന്റെ ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി യാത്ര തിരിക്കുകയാണെന്ന് പ്രസ്താവനയിൽ അറിയിച്ചു.