തിരുവനന്തപുരം: കോർപ്പറേഷൻ ഭരണത്തിൽ ബിജെപി അധികാരത്തിലേറിയതിന് പിന്നാലെ, വൻ വികസന പദ്ധതികളുടെ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. വിമാനത്താവളം മുതൽ പുത്തരിക്കണ്ടം മൈതാനം വരെ നീളുന്ന മെഗാ റോഡ് ഷോയോടെയാണ് പ്രധാനമന്ത്രിയെ പാർട്ടി പ്രവർത്തകർ സ്വീകരിക്കുക.(PM Modi in Thiruvananthapuram today, traffic restrictions in the city)
പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. സിൽവർലൈനിന് ബദലായി ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ഡി.എം.ആർ.സിക്കായിരിക്കും ഇതിന്റെ നിർമ്മാണച്ചുമതല.പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവ്വഹിക്കും.
തിരുവനന്തപുരത്ത് ആരംഭിക്കുന്ന 'ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിന്റെ' തറക്കല്ലിടൽ ചടങ്ങും വേദിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ തിരുവനന്തപുരം സന്ദർശനവേളയിൽ കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. സംസ്ഥാന സർക്കാരുമായും കേന്ദ്രമന്ത്രിമാരുമായും കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമായിരിക്കും വികസന രേഖയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്നത് അടുത്ത മാസമാണ്. സംസ്ഥാന സർക്കാരുമായി പദ്ധതിയെക്കുറിച്ച് വിശദമായി സംസാരിക്കേണ്ടതുണ്ട്.
ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ നഗരവികസനത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഔദ്യോഗിക രേഖാ കൈമാറ്റം ഇന്നത്തെ ചടങ്ങിൽ ഉണ്ടാകില്ല. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മേയർ എത്തില്ലെന്നും അറിയിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന് പകരം പുത്തരിക്കണ്ടത്തെ വേദിയിലാകും മേയർ പ്രധാനമന്ത്രിയെ സ്വീകരിക്കുക. ഒരേ സമയം രണ്ട് വേദികളിലും സന്നിഹിതരാകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് വിമാനത്താവളത്തിലെ സ്വീകരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് മേയർ വിശദീകരിച്ചു.
വികസന രേഖാ പ്രകാശനം മാറ്റിവെച്ചെങ്കിലും, അതിവേഗ റെയിൽ പാതയുടെ പ്രഖ്യാപനവും അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക പരിപാടികൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെ വൻ റോഡ് ഷോയോടെയാണ് പ്രധാനമന്ത്രിയെ ബിജെപി പ്രവർത്തകർ സ്വീകരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ 25,000-ത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന പൊതുസമ്മേളനവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങൾ ഡൊമസ്റ്റിക് എയർപോർട്ട് - ശംഖുമുഖം - ആൾസെയിന്റ്സ് - ചാക്ക - പേട്ട - പാറ്റൂർ - ജനറൽ ആശുപത്രി - സ്റ്റാച്യു - ഓവർബ്രിഡ്ജ് - പവർഹൗസ് ജംഗ്ഷൻ, ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ്.പി ഫോർട്ട് - തകരപ്പറമ്പ് മേൽപ്പാലം എന്നിവയാണ്. ഗതാഗത വഴിതിരിച്ചുവിടൽ രാവിലെ 10 - 11, ഉച്ചയ്ക്ക് 12 - 1 എന്നിങ്ങനെയാണ്.
എയർപോർട്ട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വലിയതുറ - കല്ലുമ്മൂട് വഴി പോകണം. കഴക്കൂട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വെൺപാലവട്ടം - കുമാരപുരം - പട്ടം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു. ശംഖുമുഖം, എയർപോർട്ട്, പുത്തരിക്കണ്ടം, കിഴക്കേകോട്ട പരിസരങ്ങളിൽ ഡ്രോൺ ക്യാമറകൾ, ബലൂണുകൾ, ലേസർ ലൈറ്റുകൾ എന്നിവയ്ക്ക് നിരോധനമുണ്ട്. നഗരാതിർത്തികളിൽ എല്ലാ വാഹനങ്ങളും കർശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും.