

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ബിഗ് ബോസ് മുൻ മത്സരാർത്ഥിയും നടനുമായ അഖിൽ മാരാർ. ബിഗ് ബോസ് സീസൺ അഞ്ചിലെ വിജയിയാണ് അഖിൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല കാര്യങ്ങളിലും പ്രതികരിച്ച് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ഏഴ് ഗ്രാന്റ് ഫിനാലെക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മുൻ മത്സരാർത്ഥി ശോഭയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ. ഇത് പ്രേക്ഷകർക്ക് വേണ്ടി ചെയ്യുന്ന വീഡിയോ അല്ലെന്നും ഏഷ്യാനെറ്റിന്റെ തലപ്പത്തുള്ളവർക്ക് വേണ്ടിയാണെന്നും പറഞ്ഞുകൊണ്ടാണ് താരം വീഡിയോ തുടങ്ങുന്നത്.
"സീസൺ ഏഴിന്റെ ഫിനാലെയിലേക്ക് ദയവായി എന്നെ ക്ഷണിക്കണം. ഞാൻ വരുന്നത് തനിക്ക് ലഭിച്ച കപ്പ് കൊണ്ടായിരിക്കും. ആ കപ്പ് നിങ്ങൾ മുൻ മത്സരാർത്ഥി ശോഭയ്ക്ക് നൽകണം." എന്നാണ് അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്.
"ഇത് നൽകാതെ എനിക്കോ, പ്രേക്ഷകർക്കോ ഒരു സമാധാനം ലഭിക്കില്ല. സീസൺ അഞ്ച് കഴിഞ്ഞ അന്ന് മുതൽ ഞാനല്ല വിജയി എന്നും ശോഭയാണെന്നും അവർ പറഞ്ഞു നടക്കുന്നുണ്ട്. മൂന്ന് ശതമാനം വോട്ട് കിട്ടിയ ശോഭ, 82 ശതമാനം വോട്ട് കിട്ടിയ എന്നെയും എനിക്ക് വോട്ട് ചെയ്ത് പ്രേക്ഷകരേയും കോമാളിയാക്കുന്ന പരിപാടിയാണ് ചെയ്യുന്നത്." - അഖിൽ മാരാർ പറയുന്നു.
"രണ്ടര വർഷത്തോളമായി ഇത് സഹിക്കുന്നു. ഇതുപോലെ അസൂയയുള്ള വ്യക്തിയെ വേറെ കണ്ടിട്ടില്ല. ഇപ്പോഴും പിആർ എന്നാണ് പറയുന്നത്. ജനങ്ങൾ ആ വ്യക്തിയെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് വോട്ട് ചെയ്തത് എന്ന് ശോഭ മനസിലാക്കണം. ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് ശോഭ ആരെയാണ് പിആർ ഏൽപ്പിച്ചത് എന്ന് ഞാൻ വേണമെങ്കിൽ അവരെ മുന്നിൽ നിർത്തി പറയാം.
ബിഗ് ബോസിലേക്ക് ഞാൻ പോയത് സാമ്പത്തികമായി അത്ര ബുദ്ധിമുട്ട് നേരിട്ട സമയത്താണ്. ജീവിക്കാൻ മറ്റൊരു മാർഗമില്ലാത്ത സമയത്താണ് പോയത്. അങ്ങനെയുള്ള ഞാൻ പണം ചിലവഴിച്ച് പിആർ നൽകുമോ? ബിഗ് ബോസിൽ പോയി ഒരു 25 ദിവസം പിടിച്ചുനിൽക്കാനാണ് ഞാൻ ശ്രമിച്ചത്. അതുകൊണ്ട് എന്റെ കടങ്ങൾ എല്ലാം ഒരു പരിധി വരെ തീരുമെന്ന് കരുതി. നൂറ് ദിവസത്തെ സാരിയും കൊണ്ടാണ് ശോഭ ഷോയിൽ എത്തിയത്. എനിക്ക് ലഭിച്ചതിന്റെ മൂന്നിരട്ടി ശമ്പളമാണ് അവര്‍ക്ക് ചാനല്‍ നല്‍കിയിരുന്നത്. ഇത് അന്നത്തെ ചാനല്‍ തലപ്പത്ത് ഉണ്ടായിരുന്ന ചിലര്‍ ശോഭയ്ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു." അഖിൽ ആരോപിച്ചു.
ചാനലിനെതിരെയും അഖില്‍ തുറന്നടിച്ചു. തന്റെ വിജയം ചാനല്‍ ഒട്ടും ആസ്വദിച്ചിരുന്നില്ലെന്നും അതിന്റെ തെളിവാണ് ഫിനാലെ സെലിബ്രേഷനില്‍ അന്നത്തെ ചാനല്‍ തലപ്പത്തുള്ള ഒരാള്‍ പോലും പങ്കെടുക്കാതിരുന്നതെന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടി.