4 അസിസ്റ്റീവ് വില്ലേജുകൾക്കായി പ്ലാൻ തയ്യാറാക്കി, 3 റെസ്പൈറ്റ് ഹോമുകൾ ഉടൻ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

Maharaja's College
Published on

തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഒരുക്കുന്നതിനായി പ്ലാൻ തയ്യാറാക്കി പ്രാരംഭ നടപടി ആരംഭിച്ചതായി ഉന്നതവിഭ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. എല്ലാ പിന്തുണാ സംവിധാനങ്ങളുമുള്ള അസിസ്റ്റീവ് വില്ലേജുകളുടെ നിർമ്മാണം ഈ സർക്കാരിന്റെ കാലത്തുതന്നെ ആരംഭിക്കും. കൂടാതെ ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന 3 റെസ്പൈറ്റ് ഹോമുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 'അൻപ്' കേരള ബൗദ്ധിക ഭിന്നശേഷി ക്യാമ്പയിന്റെ ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഗവൺമെന്റ് വിമൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കായി സർക്കാർ വിവിധ പദ്ധതികളും സേവനങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. മേഖലാ തലത്തിൽ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ തിരുവനന്തപുരത്തും ആലപ്പുഴയിലും കോട്ടയത്തും തൃശ്ശൂരൂം കോഴിക്കോടും പ്രവർത്തിക്കുന്നുണ്ട്.

സ്‌ക്രീനിംഗ്, ഏർളി ഇന്റർവെൻഷൻ, വിവിധ തെറാപ്പികൾ, പരിശീലനങ്ങൾ, ചികിത്സ, പുനരധിവാസം എന്നിവയാണ് ഇവിടെ ഉറപ്പാക്കുന്നത്. കൊല്ലം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ജില്ലാ തല പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 25 മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റുകൾ എസ്ഐഡിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഓട്ടിസം സെന്ററുകൾ നടന്നുവരുന്നു. പീഡിയാട്രീഷ്യൻ, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പെഷ്യൽ എജുക്കേറ്റർ, സോഷ്യൽ വർക്കർ തുടങ്ങിയവരുടെ സേവനങ്ങൾ വിടങ്ങളിൽ ലഭ്യമാണ്. കോഴിക്കോട് ഇംഹാൻസിലും നിപ്മറിലും മികച്ച ഓട്ടിസം പുനരധിവാസ ഗവേഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിപ്മറും നിഷും ഭിന്നശേഷി പുനരധിവാസ മേഖലയിൽ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്ന മികവിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്.

നിപ്മറിലെ ഓട്ടിസം റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്ററിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.നിപ്മറിൽ സെറിബ്രൽ പാൾസി റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്ററും, ഗുരുതരമായ നാഡീവ്യൂഹ വ്യവസ്ഥ തകരാർ ബാധിച്ചവർക്കുള്ള ചികിത്സയും ലഭ്യമാണ്. എല്ലാവിധ തെറാപ്പി സൗകര്യങ്ങളും വാഹനത്തിൽ ക്രമീകരിച്ചിട്ടുള്ള റിഹാബ് എക്സ്പ്രസ് സംവിധാനവും നിപ്മറിൽ സജ്ജമാക്കിയിട്ടുണ്ട്. കാർഷിക സർവ്വകലാശാലയുടെ സഹായത്തോടെ ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ ഭൗതിക ഭിന്നശേഷി നേരിടുന്ന കുട്ടികൾക്ക് മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ശാക്തീകരണ പദ്ധതി നടന്നുവരുന്നു. വെള്ളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. കാസർഗോഡ് മേഖലയിലെ എല്ലാ ബഡ് സ്‌കൂളുകളെയും മോഡേൺ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകൾ ഉയർത്താനായി.

സാമൂഹ്യനീതി വകുപ്പിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായാണ് സമ്പൂർണ ശാക്തീകരണവും പുനരധിവാസവും ബൗദ്ധിക വെല്ലുവിളി നേരുന്നവരുടെ കൂടി അവകാശമാണ് എന്ന ആശയം മുൻനിർത്തി ബൗദ്ധിക വെല്ലുവിളികളെക്കുറിച്ചും അത് നേരിടുന്ന വ്യക്തികൾക്കായുള്ള സർക്കാർ പദ്ധതികൾ സംബന്ധിച്ചും വിപുലമായ അവബോധം സൃഷ്ടിക്കാനായി മൂന്നുമാസം നീളുന്ന 'അൻപ്' എന്ന ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അൻപ് ക്യാമ്പയിന്റെ കൈപ്പുസ്തകവും സ്റ്റിക്കറും സഹജീവനം, പ്രചോദനം, ഭിന്നശേഷി വ്യക്തികൾക്കായുള്ള കായിക പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റും സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസിന്റെ സഹയോഗി വീഡിയോയും മന്ത്രി പ്രകാശനവും ചെയ്തു. ന്യൂറോ പ്രശ്നങ്ങളുള്ള മുതിർന്നവരെ പരിപാലിക്കാനായി നിപ്മറിൽ ആരംഭിച്ച യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനവും നൈപുണ്യ വികസനവും ഉറപ്പാക്കുന്ന പ്രചോദനം പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 8 എൻജിഒകൾക്ക് മന്ത്രി ഉത്തരവ് കൈമാറി.

ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ സാമൂഹ്യനീതി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ്, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയഡാലി എം.വി., നിഷ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സുജ കെ കുന്നത്ത്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ എംഡി മൊയ്തീൻകുട്ടി കെ, നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ ചന്ദ്രബാബു സി, സാമൂഹ്യനീതി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജലജ എസ്, സ്റ്റേറ്റ് എൻ.എസ.്എസ് ഓഫീസർ ഡോ ദേവിപ്രിയ ഡി, വാർഡ് കാൺസിലർ അഡ്വ. രാഖി രവികുമാർ തുടങ്ങിയവർ സംബന്ധിച്ചു. സ്പെഷ്യൽ സ്‌കൂളുകളിലേയും ബഡ്സ് സ്‌കൂളുകളിലേയും പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

പരിപാടിയോട് അനുബന്ധിച്ച് നിരാമയ ആരോഗ്യ ഇൻഷുറൻസ്, നിയമപരമായ രക്ഷാകർതൃത്വം സർട്ടിഫിക്കറ്റ് എൻറോൾമെന്റ്, യൂണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് എൻറോൾമെന്റ് തുടങ്ങിയവയ്ക്കായുള്ള പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com