തിരുവനന്തപുരം: പി.കെ. ശ്രീമതിയുടെ പണവും സ്വർണ്ണവും അടങ്ങിയ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപുരിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനായി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു ശ്രീമതി യാത്ര ചെയ്തിരുന്നത്.(PK Sreemathy's bag stolen during train journey, Cash, gold and documents missing)
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കൊൽക്കത്തയിൽ നിന്ന് യാത്ര തിരിച്ചു. രാത്രി 11 മണിക്ക് ഉറങ്ങാൻ കിടക്കുമ്പോൾ തലയ്ക്ക് സമീപമായിരുന്നു ബാഗ് വെച്ചിരുന്നത്. ഇന്ന് രാവിലെ ബിഹാറിലെ ധർസിങ് സാരായ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം 40,000 രൂപയും സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണും പ്രധാന രേഖകളും ബാഗിലുണ്ടായിരുന്നു.
ട്രെയിനിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ അപായച്ചങ്ങല വലിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. റെയിൽവേ പോലീസിന്റെ ഭാഗത്തുനിന്നും വളരെ നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് പി.കെ. ശ്രീമതി ആരോപിച്ചു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് അധികൃതർ നടപടികളിലേക്ക് നീങ്ങിയത്. തന്റേത് കൂടാതെ മറ്റ് കമ്പാർട്ട്‌മെന്റുകളിൽ നിന്നും ബാഗുകൾ മോഷണം പോയതായി യാത്രക്കാർ പരാതിപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.