

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ജനവിധി തേടുമെന്ന് എ.കെ. ബാലൻ. പാർട്ടിയിലെ 'രണ്ട് ടേം' വ്യവസ്ഥ അനിവാര്യമായ ഘട്ടങ്ങളിൽ മാറ്റം വരുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ മത്സരരംഗത്തുണ്ടാകുന്നത് എൽ.ഡി.എഫിന് വലിയ ഗുണം ചെയ്യുമെന്നും ബാലൻ കൂട്ടിച്ചേർത്തു.(Pinarayi Vijayan will contest again, says AK Balan)
"സി.പി.എമ്മിലെ നിബന്ധനകൾ ഒന്നും ഇരുമ്പുലക്കയല്ല. വിജയസാധ്യതയും രാഷ്ട്രീയ സാഹചര്യവും പരിഗണിച്ച് ടേം വ്യവസ്ഥയിൽ ഇളവ് നൽകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര് നേതൃത്വം നൽകുന്നോ അവർ തന്നെയാകും അടുത്ത മുഖ്യമന്ത്രി" എന്നും അദ്ദേഹം പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. നൂറിലധികം സീറ്റുകൾ കിട്ടുമെന്ന യു.ഡി.എഫ് മോഹം 'മലർപ്പൊടിക്കാരന്റെ സ്വപ്നം' മാത്രമാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസ് പൂർണ്ണമായും അബോർട്ട് ചെയ്യപ്പെടും. രണ്ടാം പിണറായി സർക്കാർ അത്ഭുതങ്ങൾ കാണിച്ച സർക്കാരാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം നൽകി വീണ്ടും അധികാരത്തിലേറ്റും.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്നും മുസ്ലീം ലീഗിനെയാണ് വിമർശിച്ചതെന്നും ബാലൻ പറഞ്ഞു. അതിൽ തെറ്റൊന്നുമില്ല. സി.പി.ഐയും വെള്ളാപ്പള്ളിയും തമ്മിലുള്ള തർക്കം അവരുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.