കൊല്ലം: രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വർഗീയതയാണെന്നും അത് പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് അജണ്ടകൾ ബിജെപി സർക്കാർ നടപ്പിലാക്കുമ്പോൾ മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജവഹർലാൽ നെഹ്‌റുവിന് ശേഷം വന്ന കോൺഗ്രസ് നേതൃത്വം മതനിരപേക്ഷതയിൽ നിന്ന് വ്യതിചലിച്ചു. ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് അതിന് ഒത്താശ ചെയ്തത് അന്നത്തെ കോൺഗ്രസ് സർക്കാരായിരുന്നു.ത്യമായ നിലപാടില്ലാത്തതിനാൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പോലും ബിജെപിയുമായി കൊടുക്കൽ വാങ്ങലുകൾ നടത്താൻ കോൺഗ്രസിന് മടിയുണ്ടായില്ല.
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒറ്റ വർഗീയ സംഘർഷം പോലും ഉണ്ടാകാത്തത് എൽഡിഎഫ് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണമാണ്. ന്യൂനപക്ഷ സംരക്ഷണമെന്നത് എൽഡിഎഫിന്റെ പ്രധാന ഉത്തരവാദിത്തമാണ്.
വിദേശനയങ്ങളിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന് മുന്നിൽ കീഴടങ്ങുന്ന കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും കേരളം വലിയ മാറ്റങ്ങൾ കൈവരിച്ചു. നവകേരളം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.വർഗീയതയെ നേരിടാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും കോൺഗ്രസിന്റെ വിശ്വാസ്യത തകർന്നുവെന്നുമാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ അടിവരയിട്ടത്.