തിരുവനന്തപുരം: ആരോഗ്യം പൗരന്മാരുടെ അടിസ്ഥാന അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ബോധപൂര്‍വം കരിവാരി തേക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരം. പാറശാല താലൂക്ക് ആശുപത്രിയിലെ പുതിയ ഡയലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ആരോഗ്യ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ആരോഗ്യ മേഖലയിലെ ത്രിതല സംവിധാനം ഇത്രത്തോളം ശക്തിപ്പെട്ട മറ്റൊരു സമയം ചരിത്രത്തിൽ ഇല്ല.
പാറശാല കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന പ്രദേശമാണ്. അതുകൊണ്ടുതന്നെ രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ സാധാരണക്കാർ ആശ്രയിക്കുന്ന ഒരാശുപത്രിയായി പാറശാല താലൂക്ക് ആശുപത്രി മാറി. ഇതിനെ എല്ലാ അർത്ഥത്തിലും നവീകരിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്.കഴിഞ്ഞ 9 വർഷത്തെ അനുഭവമെടുത്താൽ ഏകദേശം നൂറുകോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പാറശാല താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയിട്ടുള്ളത്. 9 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സർക്കാറിന്റെ കാലത്ത് മാത്രം നടപ്പിലാക്കി. 153 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ ആശുപത്രി നവീകരണത്തിനായി കിഫ്ബിക്ക് സമർപ്പിച്ചു.
കേരളത്തിലെ മിക്ക പിഎച്ച്‌സികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനങ്ങള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ എന്നിവ വന്നു. മെഡിക്കല്‍ കോളേജുകളുടെ വികസനം സാധ്യമായി ഇവയെല്ലാം കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റമാണ്. ഇത്തരം വികസനങ്ങളില്‍ കിഫ്ബി വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.