തിരുവനന്തപുരം : പീരുമേട് എംഎൽഎ വാഴൂർ സോമന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന വാഴൂർ സോമൻ ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിന്റെ രീതി മാതൃകപരമാണ്. തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്നും മുഖ്യമന്ത്രി.
പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ വെച്ച് നടക്കും. മൃതദേഹം രാത്രി എട്ട് മണി വരെ എം എൻ സ്മാരകം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോകും.