

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) സമാപന സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഐഎഫ്എഫ്‌കെയെ ഞെരിച്ചുകൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്നും എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേള ഇവിടെത്തന്നെ ഉണ്ടാവുമെന്ന കാര്യം ഉറപ്പിച്ചു പറയുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏതൊക്കെ കലാകാരന്മാർ വരണം, ഏതൊക്കെ സിനിമകൾ കാണണം എന്നതിൽ പോലും കേന്ദ്രം കൈകടത്തുന്നു. ഇത് അത്യന്തം പ്രതിഷേധാർഹമാണ്. ലോകത്തിന് മുന്നിൽ രാജ്യത്തെ നാണംകെടുത്തുന്ന നടപടിയാണിത്. സെൻസർ ഇളവ് സംബന്ധിച്ച് ഇത്തവണ അസാധാരണ പ്രതിസന്ധിയുണ്ടായി. 13 സിനിമകൾക്ക് ഇളവ് നൽകിയെങ്കിലും 6 സിനിമകൾക്ക് അനുമതി നിഷേധിച്ചു.
'ബീഫ്' എന്ന സ്പാനിഷ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിനെ മുഖ്യമന്ത്രി പരിഹസിച്ചു. ബീഫ് എന്ന പേര് കേട്ട ഉടനെ അത് ഭക്ഷണമാണെന്ന് കരുതി വാളെടുത്തു. എന്നാൽ ഭക്ഷണവുമായി ആ സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്ന് മനസ്സിലായപ്പോഴാണ് അനുമതി നൽകിയത്. പലസ്തീൻ സിനിമകൾക്ക് അനുമതി നിഷേധിച്ചത് വഴി കേന്ദ്ര നിലപാട് വ്യക്തമായി. ലോക ക്ലാസിക് ചിത്രമായ 'ബാറ്റിൽഷിപ്പ് പൊട്ടംകിൻ' പ്രദർശിപ്പിക്കാൻ അനുവദിക്കാത്തത് ഭരണകൂടത്തിന്റെ അജ്ഞതയാണ് വെളിപ്പെടുത്തുന്നത്.
വർഗീയതയ്ക്ക് കേരളത്തിന്റെ സാംസ്കാരിക ഇടം വിട്ടുകൊടുക്കില്ലെന്നും എല്ലാവരും ചേർന്ന് പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മേള തകർക്കാൻ ഗൂഢാലോചന നടന്നതായും എന്നാൽ എന്ത് ഭീഷണിയുണ്ടായാലും മുട്ടുമടക്കില്ലെന്നും ചടങ്ങിൽ സംസാരിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.
Chief Minister Pinarayi Vijayan, speaking at the closing ceremony of the 30th International Film Festival of Kerala (IFFK), asserted that the festival is here to stay and the government will not bow down to attempts to stifle artistic freedom. He criticized the Central Government's refusal to grant censor exemptions for several films, including the classic 'Battleship Potemkin' and Palestinian entries, calling these actions an "ignorant" and "politically motivated" assault on democracy. Highlighting the absurdity of initial objections to the Spanish film 'Beef' due to its name, the CM called for a united cultural resistance against communalism and censorship.