

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ ബി.ജെ.പി. അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വൈരാഗ്യം മൂലമാണ് ഈ തീരുമാനമെന്നും, ഇത് ചരിത്രപരമായ ഒരു മണ്ടത്തരമായി സമൂഹം വിലയിരുത്തുമെന്നും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ പറഞ്ഞു.(Pinarayi surrendered to CPI, says V Muraleedharan)
"രാജ്യത്തെ 95 ശതമാനം കുട്ടികൾക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോ എന്ന് മലയാളികൾ ചിന്തിക്കണം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഫണ്ട് വേണ്ടെന്ന് വെച്ച്, മെച്ചപ്പെട്ട വിദ്യാഭ്യാസ സാധ്യതകൾ സംസ്ഥാനത്തെ കുട്ടികൾക്ക് നിഷേധിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
പിഎം ശ്രീ ധാരണാപത്രം സംബന്ധിച്ച വിവാദത്തിൽ സി.പി.ഐ.യുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും മുട്ടുമടക്കാൻ കാരണമായത്. ഫണ്ടല്ല, ആശയമാണ് പ്രധാനം എന്ന സി.പി.ഐ.യുടെ ശക്തമായ സമീപനത്തിലേക്ക് ഒടുവിൽ സി.പി.എമ്മിന് എത്തേണ്ടിവന്നു. സർക്കാരിന്റെ നിലനിൽപ് തന്നെ അപകടത്തിലാകുമെന്ന സാഹചര്യമുണ്ടായതോടെയാണ് ഒത്തുതീർപ്പ്.
9 വർഷത്തിനിടെ ആദ്യമായി പിണറായി വിജയൻ ഒരു പ്രധാന വിഷയത്തിൽ സി.പി.ഐ.ക്ക് മുന്നിൽ കീഴടങ്ങി എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. സി.പി.ഐ. വൃത്തങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച്, മുഖ്യമന്ത്രി ആദ്യം മുന്നോട്ട് വെച്ച നിർദ്ദേശത്തിൽ കേന്ദ്രത്തിനുള്ള കത്ത് ഉൾപ്പെട്ടിരുന്നില്ല. ആദ്യ നിർദ്ദേശത്തിൽ ഉപസമിതിയും പരിശോധനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇത് അംഗീകരിക്കില്ലെന്ന് സി.പി.ഐ. തീർത്തു പറഞ്ഞതുകൊണ്ടാണ് നിലപാട് മാറ്റാൻ സി.പി.എമ്മിന് നിർബന്ധിതമാകേണ്ടി വന്നത്. ഇനി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഈ പദ്ധതി അംഗീകരിക്കില്ല എന്ന ഉറച്ച നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുമെന്നും സി.പി.ഐ. വൃത്തങ്ങൾ വ്യക്തമാക്കി.