'പിണറായി സർക്കാർ കൊള്ളക്കാരുടെ സർക്കാർ, സ്വർണ്ണക്കൊള്ള പൊളിറ്റിക്കൽ തീരുമാനം, ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് നിലപാടിൽ നല്ല വ്യക്തതയുണ്ട്': VD സതീശൻ | Pinarayi
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സംസ്ഥാന സർക്കാരിനും സി.പി.ഐ.എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. 'കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ എന്ന് ശബരിമല സ്വർണ്ണക്കൊള്ളയിലൂടെ അടിവരയിട്ടുവെന്ന്' അദ്ദേഹം ആരോപിച്ചു.(Pinarayi government is a government of thieves, VD Satheesan)
സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കെതിരെ സി.പി.ഐ.എം. നടപടിയെടുക്കാത്തത് ഭയം കൊണ്ടാണെന്നും 'ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും' വി.ഡി. സതീശൻ പറഞ്ഞു. സ്വർണ്ണക്കൊള്ളയിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് എന്ത് ബന്ധമെന്ന് താൻ തെളിയിക്കേണ്ട ആവശ്യമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രൻ ആണെന്നും, ഇതിന് തക്ക തെളിവുകൾ ഹാജരാക്കാൻ സാധിക്കുമെന്നും സതീശൻ അവകാശപ്പെട്ടു.
"തെളിവുകൾ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ട്. സ്വർണ്ണം കട്ടത് പൊളിറ്റിക്കൽ തീരുമാനമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ ശബരിമലയിലെ തങ്കവിഗ്രഹം വരെ അടിച്ചുമാറ്റിയേനെ എന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അറസ്റ്റിലായ നേതാക്കൾക്കെതിരെ സി.പി.ഐ.എം. നടപടിയെടുക്കാത്തത് ഭയന്നാണെന്നും അദ്ദേഹം ആവർത്തിച്ചു. തന്ത്രിയുടെ ബന്ധം എസ്.ഐ.ടി. (SIT) പരിശോധിക്കട്ടെയെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ വിവാദം കുത്തിപ്പൊക്കുന്നത് സി.പി.എം. ആണെന്നും, ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
"കോൺഗ്രസ് നേതാക്കൾ ആരും സി.പി.എമ്മിന്റെ ആ കെണിയിൽ വീഴരുത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് നിലപാടിൽ നല്ല വ്യക്തതയുണ്ട്," തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ വി.ഡി. സതീശൻ പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണക്കൊള്ളയാണ് പ്രധാന ചർച്ചാവിഷയമെന്ന് സതീശൻ ആവർത്തിച്ചു. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സി.പി.എം. ഗൂഢാലോചനയുണ്ട്. കൊള്ളയുടെ വിവരം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയാമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കടകംപള്ളിയാണ്. ഇതിനുള്ള തെളിവുകൾ യു.ഡി.എഫ്. ഹാജരാക്കാൻ തയ്യാറെടുക്കുകയാണ്. ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി. (SIT) തന്ത്രിയുടെ പങ്കടക്കം അന്വേഷിക്കട്ടെ. അതിൽ ആർക്കും ഒരു തർക്കവുമില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
