പത്തനംതിട്ട : ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. ശബരിമലയിൽ പ്രതിദിനം 80,000ത്തിനു മുകളിൽ ഭക്തരാണ് ദർശനത്തിന് എത്തുന്നത്. ഇന്നലെ 84,872 പേർ മല ചവിട്ടി. വൈകിട്ട് അഞ്ചുമണിവരെ 60,000 മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. ഇന്നും നാളെയും സന്നിധാനത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5നും 6നും അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് . ഈ രണ്ട് ദിവസങ്ങളിൽ രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പൊലീസിൻ്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം ഏഴിന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ.
സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് പരിഗണിച്ചാകും നിലയ്ക്കലിൽ കൂടുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുക.