കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചു നിൽക്കുന്ന വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കേസിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചേവായൂർ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.(Congress leader in custody for circulating fake picture of CM and Sabarimala gold robbery accused)
സമൂഹത്തിൽ കലാപാഹ്വാനം നടത്താൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി പോലീസ് സ്വമേധയാ ആണ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തിട്ടും വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ സുബ്രഹ്മണ്യൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് പോലീസ് വീട്ടിലെത്തി നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
തനിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എൻ. സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് പറഞ്ഞു."മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കമാണിത്. ഇതേ ചിത്രം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചിട്ടും അദ്ദേഹത്തിനെതിരെ കേസില്ല. വാർത്ത നൽകിയ ചാനലുകൾക്കെതിരെയും നടപടിയില്ല. നിയമപരമായി ഇതിനെ നേരിടും. ജാമ്യം ലഭിച്ചില്ലെങ്കിൽ ജയിലിൽ പോകാനും തയ്യാറാണ്," സുബ്രഹ്മണ്യൻ വ്യക്തമാക്കി.
'പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധമുണ്ടാകാൻ കാരണമെന്തായിരിക്കും?' എന്ന അടിക്കുറിപ്പോടെയാണ് സുബ്രഹ്മണ്യൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിൽ ഒരു ചിത്രം എ.ഐ (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.