കൊല്ലം: ജില്ലാ കലോത്സവ വേദിക്ക് സമീപം ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവർത്തകരും ദേശീയ അധ്യാപക പരിഷത്തും തമ്മിൽ തർക്കം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ബാനറിൽ ഉപയോഗിച്ചതിനെതിരെയാണ് സി.പി.എം. അനുകൂല സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.(Picture of Bharathamba creates Clashes at Kollam Kalotsava venue)
കലോത്സവത്തിന് എത്തിയ പ്രതിഭകളെ സ്വാഗതം ചെയ്തുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് കേരള ഘടകമാണ് വേദിക്ക് സമീപമുള്ള സ്റ്റാളിൽ ബാനർ സ്ഥാപിച്ചത്. ബാനറിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും ഒരു ഭാഗത്ത് സ്വാമി വിവേകാനന്ദൻ്റെ ചിത്രവും ഉണ്ടായിരുന്നു. കലോത്സവ സംഘാടക സമിതിയിലെ സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിയുടെ ആശംസ അറിയിച്ചുള്ള ബാനറിലാണ് ഈ ചിത്രം ഉൾപ്പെടുത്തിയിരുന്നത്.
കലോത്സവ വേദിക്ക് സമീപം ഇത്തരമൊരു ചിത്രം സ്ഥാപിച്ചത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. ബാനർ നീക്കം ചെയ്യുന്നതിനെതിരെ അധ്യാപക പരിഷത്ത് പ്രവർത്തകരും ശക്തമായി രംഗത്തെത്തി.
സംഘർഷാവസ്ഥയെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ.) ഇടപെട്ട് ചർച്ച നടത്തി. ഒടുവിൽ, ഭാരതാംബയുടെ ചിത്രം പൂർണമായും നീക്കം ചെയ്യുന്നതിനു പകരം, കർട്ടൺ ഉപയോഗിച്ച് മറച്ച് തർക്കം താൽക്കാലികമായി പരിഹരിക്കുകയായിരുന്നു.